Sunday, 6 February 2011

എനിക്ക് നിന്നെ അറിയാം

ഭയന്ന്‌ ചിതറിപ്പോയോരാള്‍ക്കൂട്ടത്തില്‍   
എല്ലാ കണ്ണുകളും കണ്ണുകളില്‍ തിരഞ്ഞത് 
വിഹ്വലതകള്‍ അടങ്ങിയൊരു ഇന്ദ്രിയത്തിന്‍റെ
നിതാന്തമാം ശാന്തതയാവണം     
ഒരു കാന്തവീചിയിലൂടെ ഒന്നൊന്നിനെ
ദത്തെടുക്കുംവരെ നമുക്കന്ന്യരായ് തുടരാം

എല്ലാ മൌനവും ഒന്നുചേര്‍ന്നൊരു
നിലവിളിയായി കാതില്‍ പതിഞ്ഞോടുങ്ങും
അപ്പോഴും നാം കാതോര്‍ക്കുന്നതൊരു  -
ഞരക്കത്തിന് വേണ്ടിയെങ്കിലുമാവും
ഓരോ രോദനവും പ്രാര്‍ത്ഥനപോലെ     
ഏറ്റുപാടാന്‍ കൊതിച്ചു നാവുഴലും

ഒടുവില്‍ പിന്നിലേക്കുനടന്നു നാം
തങ്ങളിലുരുമ്മി നില്‍ക്കും,
ആണും, പെണ്ണുമാവാതെ-
നിറവും, മണവുമില്ലാത്ത -
ജീവന്‍റെ ചൂടിനെ അറിയുമൊരു -
ജീവന്‍റെ തുടിപ്പുള്ളിലുയരുമ്പോള്‍
നിന്‍റെ ഉയിരെന്‍റെ ഉയിരെത്തൊടും 
നാം തമ്മില്‍ പറയാതെ അറിയും ...
പിന്നെയും .....പിന്നെയും ...

Monday, 20 December 2010

അവര്‍ തിരയുന്നത്

1 )കല്ലുമുക്കൂത്തി  
പകലറുതിയില്‍ ഇരുളിന്‍റെ മറപറ്റി
നിഴല്‍രൂപങ്ങള്‍ കാലൊച്ചയില്ലാതെ
മെലിഞ്ഞകുഞ്ഞുങ്ങളെ കവച്ചുപോയി-
കിതയ്ക്കുന്ന നിശ്വാസങ്ങളിറക്കിവയ്ക്കും
മണ്ണെണ്ണക്കരിപുരണ്ട ഒറ്റമുറിച്ചുവരില്‍  
ഉടഞ്ഞുപോയൊരു ഫോട്ടോയില്‍ കണ്ണുനട്ട്
ഒരുകല്ലുമൂക്കുത്തി  കിടപ്പുണ്ടാവും
അവര്‍ ആരെയും തേടിച്ചെന്നില്ല

2 )കടുത്തുപോയ മുഖങ്ങള്‍ 
കടുംചേലചുറ്റി പട്ടണവഴികളില്‍ കാത്തുനിന്നു
കടക്കണ്ണാല്‍ കാമമെയ്ത്  ഇരപിടിക്കും
ഒരു നോട്ടത്തില്‍ ചൂളുന്നവനെ
ചായം പുരണ്ടോരുചുണ്ട് വക്രിച്ചു ചിരിക്കും 
വിലപേശി തിരിഞ്ഞു നടന്നാല്‍
ആട്ടി കണ്ണുപൊട്ടിക്കും തന്റെടമുള്ളവര്‍   
അടുപ്പമുള്ളവരോട് കടുത്തുപോയ മുഖങ്ങളുടെ
കൂസലില്ലായ്മക്ക്  പിന്നിലെ   
പിഴച്ചുപോയ ആദര്‍ശങ്ങള്‍ പുലമ്പും
വീര്‍പ്പിച്ച ബലൂണുകള്‍ പോലെയാണവരുടെ മനസ്സ് 
ഹൃദയത്തോട് ചേര്‍ത്തുപിടിച്ച നിശ്വാസങ്ങലേറ്റ്   
ചിലര്‍ പൊട്ടിപ്പൊട്ടി കരയാറുണ്ട്

3 )കരിന്തിരികള്‍ 
കൂട്ടിക്കൊടുപ്പുകാരന്‍റെ  പിന്‍പറ്റി
നഗരത്തിന്‍റെ ലോഡ്ജുമുറികളില്‍    
പ്രതീക്ഷയറ്റ ചില മിഴികളുണ്ട്‌
ഇരമ്പിയാര്‍ക്കുന്നോരുമനസ്സില്‍
വഞ്ചിക്കപ്പെട്ടവളുടെ യാതനകള്‍
പറയാനും ഭയപ്പെടുന്ന വിഴുപ്പുകള്‍
ഒരുമുഴം കയറിലോടുങ്ങിപ്പോകും വരെ
മുനിഞ്ഞുകത്തുന്ന കരിന്തിരികള്‍

4 )ചുവരുകള്‍ വായിക്കുന്നവര്‍   
പാനശാലയുടെ  അരണ്ട മൂലകളില്‍
രാവുണരുമ്പോള്‍ കവിളില്‍ കവളുരസി-
ഒരാട്ടത്തിന് ക്ഷണിക്കുന്നവര്‍
ഒരുകുപ്പി ഷാമ്പയിനില്‍  കുതിര്‍ന്നു
ചുവടുറക്കാതെ മടിയില്‍ വീണു -
ഈരാവു ഞാന്‍  നിനക്ക് സമ്മാനിക്കുന്നെന്നു ചിലര്‍
രാവുപുലരുമ്പോള്‍ ചുവരുകളില്‍
നഷ്ടബോധത്തിന്‍റെ കണക്കുകള്‍ തിരയുന്നത് കാണാറുണ്ട്

Sunday, 19 December 2010

കണ്ണു വയ്ക്കല്ലേ

ഒരു കാറ്റൊപ്പം വന്നു  തലോടിപ്പോകും
മരിച്ചിട്ടില്ലെന്ന്  ഓര്‍മിപ്പിച്ചു  ചില ഓര്‍മ്മകള്‍
ഒറ്റമുറി ലോഡ്ജിന്റെ ജനാലയ്ക്കപ്പുറം
മറഞ്ഞു  നില്‍ക്കും നിഴല്‍ പോലെ
ഒരു പച്ചതുള്ളനോപ്പം വന്നു തുള്ളിവന്നു
പുസ്തകങ്ങള്‍ക്കുമേല്‍ പിടിതരാതെ ഇരിക്കും
കൂവിപ്പോയൊരു തീവണ്ടിയോച്ചക്കൊപ്പം
അശോകച്ചക്രങ്ങള്‍   നീണ്ടു  പരക്കും
ഞാവല്‍പ്പഴം തിന്നു നീലിച്ചൊരു  നാവ് നീട്ടി
കളിക്കൂട്ടുകാരികള്‍ മുടിയാട്ടി ചിരിക്കും
അമ്മൂമ്മപ്പഴം തിരഞ്ഞു  കുന്നുച്ചുറ്റും
കാക്കപ്പൂ തേടി  ഞങ്ങള്‍ കാവുതീണ്ടും ,
കര തോട്ടോരാറു  നിറയും
അതു കണ്ടാല്‍  മനസ്സ് കവിയും
കാറ്റടിച്ചു ചുഴറ്റി എന്‍റെ 
കൂട നിറയെ മാങ്ങാ നിറയും 
പുലരിയാകെ പൂമണക്കും 
ഓര്‍മയില്‍ ഞാന്‍ കുടമറക്കും ,
മഴ നനഞ്ഞു ഞാന്‍ ഊര് ചുറ്റും.
കണ്ണു വയ്ക്കല്ലേ എന്നെ,
കല്ലെറിയല്ലേ നിങ്ങള്‍ , കല്ലെറിയല്ലേ

കാത്തിരിക്കുന്നവരോട്

ഒരു ജനതക്കുമുകളില്‍ രാസായുധം വിതച്ചു
വിളവിന് കാത്തിരിക്കുന്നവരോട്
പുഴുകുത്തിപ്പോകുന്ന ജന്മങ്ങള്‍ക്കായി നിങ്ങള്‍
ഒരു ഗില്ലറ്റിന്‍ യെന്ത്രം സബ്സിഡി നിരക്കില്‍ നല്‍കുക
ഉടലിനും ശിരസ്സിനുമിടയില്‍ ഒരു ഗില്ലറ്റിന്‍ ബ്ലേഡ്
കാത്തിരിക്കല്‍ ഒരു നിമിഷത്തിന്റെതാണ്
വേദനയില്ലാത്തൊരു മരണം വാഗ്ദാനം ചെയ്യുക
അരിച്ചുതീര്‍ക്കാന്‍ ഉറുമ്പും ചിതലുമില്ലാതെ
ഉണങ്ങിപ്പോകുന്ന ശവങ്ങള്‍ക്ക്‌ കാവലിരിക്കുന്നവരോട്
നിങ്ങളവ കുത്തിപ്പോടിച്ചു വില്‍ക്കാന്‍ വയ്ക്കുക
വാങ്ങാന്‍ സര്‍ക്കാര്‍ ആളയയ്ക്കും
ഫിനിഷിംഗ് പോയിന്റിലേക്ക് പായുന്നൊരു ഇന്ത്യക്കാരിക്ക്‌
വേണ്ടി കൈ കൊട്ടുന്നൊരു എന്ടോസഫന്‍ ഇരയോട്‌
കൈവേദനിക്കുന്നു എന്നുപറയരുത്
നിന്‍റെ ദേശീയതയ്ക്ക് അര്‍ത്ഥമില്ല
തൂങ്ങിമരിക്കാന്‍ മരക്കൊമ്പില്ലെന്നു വിലപിക്കരുത്
പുതിയ മൊബൈല്‍ ടവറുകള്‍ അനുവദിക്കുന്നുണ്ട്

വീണ്ടുമൊരു ഡിസംബര്‍

ഒടുവിലെ ഡിസംബറില്‍ തെരുവിനോരോത്തൊരു
വിളക്കുകാലിന്‍ ചോട്ടിലെന്‍ വയസ്സന്‍ വയിലിന്‍റെ
വിറക്കും തന്ത്രിക്കൊപ്പം പതിഞ്ഞ പാദം വച്ചു
നീ വച്ച ചുവടുകള്‍ പിഴക്കുന്നെങ്കിലും; 'അനാ'
ഉതിര്‍ന്നൂ  റൂബിള്‍ ചുറ്റും , നിന്‍റെ
നരച്ച സ്റ്റൊക്കിങ്ങസില്‍ സഹതാപമോര്‍ത്തിട്ടാവാം

തിരിഞ്ഞു നടക്കുമ്പോള്‍ നീ പറഞ്ഞതാ
പഴയ ഡിസംബറിന്‍ ഓപ്പറരാവെപ്പറ്റി
പ്രണയം തുളുമ്പുന്ന ഗാനം നീ വായിക്കുമ്പോള്‍
അരങ്ങില്‍ ചാടുലമെന്‍  യൌവ്വനം തുടിക്കുമ്പോഴുതിരും 
കരഘോഷം ഇടവിട്ടുയരുമ്പോള്‍
ശിശിരം വഴിമാറി വസന്തം വിരിയുമാ
ഡിസംബര്‍ രാവുനീയോര്‍ക്കുമോ 'യോഷോ' ഇന്നും

വിറക്കും പനിക്കൊളില്‍ ചിമ്മിനിച്ചുവര്‍  ചാരി
ഒടുവിലെ കേയ്ക്കും ചുട്ടെന്നെ നീട്ടി നീ പറയുന്നു
യോഷോ ,ഈ മരവാതില്‍ നീ  ചേര്‍ത്തടക്കരുത് 
ഒരുവരി ഉറുമ്പിന്റെ  വഴിമുടക്കരുത്
കലവരപ്പാത്രങ്ങള്‍ മുടിവയ്ക്കരുത്
പിരിഞ്ഞുപോയവരെ നാമിനിയും കാത്തിരിക്കരുത്

ചിതറും ഡ്രമ്മില്‍  ശബ്ദം നേര്‍ത്തു നേര്‍ത്തോടുങ്ങുമ്പോള്‍
ഇരുളില്‍ കരോള്‍ സംഘം പിരിഞ്ഞു നടക്കുമ്പോള്‍
ചുമലില്‍ ചാരി നീ മൊഴിയുന്നു , അനാ വീണ്ടും
ഒടുവിലെ ഡിസംബരനെനിക്കിത് യോഷോ
എവിടെനിന്‍ വയലിന്‍ ഒരു പ്രണയഗാനം നീ
എനിക്കായ് വായിക്കുമോ  

വിതുമ്പും ശ്രുതിലീ പ്രണയ ഗാനം നിന്‍റെ 
മിഴിയില്‍ മിഴിനട്ടു നിനക്കായ്‌ വായിക്കുമ്പോള്‍
നേവയില്‍ ശീതജലമുറയാനോരുങ്ങുമ്പോള്‍
മേപ്പിളിന്‍ ചില്ലിന്‍  വീണ്ടും ഡിസംബര്‍ ഉണരുന്നു.

പിരിയാന്‍ മനസ്സില്ലാത്തവര്‍

ആകാശം ചരിച്ചു പിടിച്ചൊരു പടമാണെന്നും
ചിതറിവീണ ചായങ്ങള്‍
നമുക്കുമേലിറ്റുവീഴുമ്പോള്‍ നാം
ഉയിര്‍ത്തെഴുനെല്‍ക്കുമെന്നും പറഞ്ഞാണ്
നീയുറക്കെയുറക്കെ  ചിരിച്ചത്

നേര്‍ത്ത കാറ്റുള്ളൊരു സായാഹ്നത്തില്‍
ഒരൊറ്റ മരത്തിന്‍ കീഴെ
മടിയില്‍  തലവെച്ചുകിടന്നാണ്
നീയത് പറഞ്ഞത്

ഒടുക്കം  പെയ്തമഴയില്‍
നമുക്കു മുകളിലെ
മണ്ണൊലിച്ചുപോയപ്പോഴാണ്
അസ്ഥികളില്‍  പൂക്കള്‍ വിരിഞ്ഞത്

നെഞ്ചില്‍ ഇഴചേര്‍ത്തു
തമ്മില്‍ ചെര്‍ത്തുവച്ചൊരു
വേരിലൂടെയാണ്
നമ്മള്‍ സംവദിച്ചത്

പിരിയാന്‍ മനസ്സില്ലതെയാണ്
നമ്മള്‍ ജീവിക്കുന്നത് 

നമ്മള്‍ ഏറ്റവും പ്രണയിച്ചത്

പതിഞ്ഞും പതഞ്ഞും പെയ്തു തോരാതെ
എന്നിലേക്ക്‌ തന്നെ പെയ്തു
വീണോരെന്‍റെ മഴയാണ് നീ
നിന്നില്‍ കുതിര്‍ന്നു അലിഞ്ഞലിഞ്ഞു
ആര്‍ദ്രമായൊരു തൊണ്ടിനുള്ളില്‍
സമാധിയില്‍ ഞാനും
തമ്മില്‍ പുണര്‍ന്നു ഹൃദയത്തോളം
കിനിഞ്ഞിരങ്ങുന്നതിനു തൊട്ടു മുന്‍പാണ്‌
നമ്മള്‍ ഏറ്റവും പ്രണയിച്ചത്
പെയ്തു പെയ്തൊരു തുള്ളി മാത്രം
ബാക്കിയപ്പോള്‍ മുളച്ചുവന്നൊരു
പുല്‍ക്കൊടിയാണ് ഞാന്‍
എന്നിലത്തുമ്പില്‍ തിളങ്ങിനിന്നു നീ
ഒരു ശൂന്യതയും നിലര്‍ത്താതെ
ഖനീഭവിച്ചു പോകും വരെ കാലം
നമുക്കുചുറ്റും നിശ്ചലമായിരുന്നു