Monday 20 December 2010

അവര്‍ തിരയുന്നത്

1 )കല്ലുമുക്കൂത്തി  
പകലറുതിയില്‍ ഇരുളിന്‍റെ മറപറ്റി
നിഴല്‍രൂപങ്ങള്‍ കാലൊച്ചയില്ലാതെ
മെലിഞ്ഞകുഞ്ഞുങ്ങളെ കവച്ചുപോയി-
കിതയ്ക്കുന്ന നിശ്വാസങ്ങളിറക്കിവയ്ക്കും
മണ്ണെണ്ണക്കരിപുരണ്ട ഒറ്റമുറിച്ചുവരില്‍  
ഉടഞ്ഞുപോയൊരു ഫോട്ടോയില്‍ കണ്ണുനട്ട്
ഒരുകല്ലുമൂക്കുത്തി  കിടപ്പുണ്ടാവും
അവര്‍ ആരെയും തേടിച്ചെന്നില്ല

2 )കടുത്തുപോയ മുഖങ്ങള്‍ 
കടുംചേലചുറ്റി പട്ടണവഴികളില്‍ കാത്തുനിന്നു
കടക്കണ്ണാല്‍ കാമമെയ്ത്  ഇരപിടിക്കും
ഒരു നോട്ടത്തില്‍ ചൂളുന്നവനെ
ചായം പുരണ്ടോരുചുണ്ട് വക്രിച്ചു ചിരിക്കും 
വിലപേശി തിരിഞ്ഞു നടന്നാല്‍
ആട്ടി കണ്ണുപൊട്ടിക്കും തന്റെടമുള്ളവര്‍   
അടുപ്പമുള്ളവരോട് കടുത്തുപോയ മുഖങ്ങളുടെ
കൂസലില്ലായ്മക്ക്  പിന്നിലെ   
പിഴച്ചുപോയ ആദര്‍ശങ്ങള്‍ പുലമ്പും
വീര്‍പ്പിച്ച ബലൂണുകള്‍ പോലെയാണവരുടെ മനസ്സ് 
ഹൃദയത്തോട് ചേര്‍ത്തുപിടിച്ച നിശ്വാസങ്ങലേറ്റ്   
ചിലര്‍ പൊട്ടിപ്പൊട്ടി കരയാറുണ്ട്

3 )കരിന്തിരികള്‍ 
കൂട്ടിക്കൊടുപ്പുകാരന്‍റെ  പിന്‍പറ്റി
നഗരത്തിന്‍റെ ലോഡ്ജുമുറികളില്‍    
പ്രതീക്ഷയറ്റ ചില മിഴികളുണ്ട്‌
ഇരമ്പിയാര്‍ക്കുന്നോരുമനസ്സില്‍
വഞ്ചിക്കപ്പെട്ടവളുടെ യാതനകള്‍
പറയാനും ഭയപ്പെടുന്ന വിഴുപ്പുകള്‍
ഒരുമുഴം കയറിലോടുങ്ങിപ്പോകും വരെ
മുനിഞ്ഞുകത്തുന്ന കരിന്തിരികള്‍

4 )ചുവരുകള്‍ വായിക്കുന്നവര്‍   
പാനശാലയുടെ  അരണ്ട മൂലകളില്‍
രാവുണരുമ്പോള്‍ കവിളില്‍ കവളുരസി-
ഒരാട്ടത്തിന് ക്ഷണിക്കുന്നവര്‍
ഒരുകുപ്പി ഷാമ്പയിനില്‍  കുതിര്‍ന്നു
ചുവടുറക്കാതെ മടിയില്‍ വീണു -
ഈരാവു ഞാന്‍  നിനക്ക് സമ്മാനിക്കുന്നെന്നു ചിലര്‍
രാവുപുലരുമ്പോള്‍ ചുവരുകളില്‍
നഷ്ടബോധത്തിന്‍റെ കണക്കുകള്‍ തിരയുന്നത് കാണാറുണ്ട്

No comments:

Post a Comment