Sunday 19 December 2010

വെളുത്ത പട്ടങ്ങള്‍

വെടിതുളച്ചു തകര്‍ന്ന ചുമരുകള്‍
അടിയടര്‍ന്നു ദ്രവിച്ച തൂണുകള്‍
നിഴലു പോലെ ചരിഞ്ഞുനില്‍ക്കുമീ-
ദുരിതഭവന വാതയാനത്തിലൂടിരു-
കൈപ്പടം നെറ്റിയില്‍ ചേര്‍ത്തു
തെരുവിലേക്കുറ്റു നോക്കി നില്‍ക്കുന്ന നിന്‍
മിഴി തിരയുന്നതെന്തിനെയായിടാം 

നിന്‍റെ തിമിര വളയത്തിനിരുപുറവും ലോകം
കനവും സത്യവുമായി തിരിഞ്ഞിരിക്കുന്നു
നിറം വാര്‍ന്നു  പോയൊരു  ചിത്രംപോലീ
ഈ തെരുവു നന്നേ നരച്ചിരിക്കുന്നു
ചുവരിനപ്പുറം ജാലക പടിയിലുറപ്പിച്ചോരെന്ത്രതോക്കിന്‍- 
പിന്നിലൊരു  ജഡം നിന്‍റെ കവലായിരിക്കുന്നു 

ഇലകരിഞ്ഞ മരത്തിലിരുന്നെന്ത്രക്കുരുവി-
ചാരക്കണ്ണൊരുവലത്തു ചുഴിഞ്ഞു നോക്കി
ഒരു ചൂളം കുത്തി അടയാളം വച്ചു.
അതും പാട്ടെന്നു നിനച്ചുനീ ചിരിച്ചതു-
കേട്ടാ കിളി പറന്നു പോയി

പൊടിപടലങ്ങള്‍ അടങ്ങുമ്പോള്‍ നിന്‍റെ
മിഴികള്‍ക്കു മുന്‍പില്‍ തെളിയുന്നതൊരു
വെടിയുതിര്‍ത്തു പഠിക്കുന്ന  ബാല്യം
അവശിഷ്ടങ്ങളില്‍ കളഞ്ഞുപോയൊരു
മാതൃത്വം തിരഞ്ഞു വിലപിച്ചോരമ്മ 
പിന്നെയൊരു വമ്പന്‍മതില്‍ അതിന്നുമപ്പുറം
വെളുത്ത പട്ടങ്ങള്‍ ഉയര്‍ന്നു പറക്കുന്നു.

No comments:

Post a Comment