Tuesday 7 June 2011

ചരിത്രം തിരുത്തുമ്പോള്‍

ഉറുമ്പു മുഖമുള്ളവര്‍ പണിതുയര്‍ത്തുന്ന
നഗരകവാടത്തിലൂടെയാണ്  ഉള്ളില്‍ കടന്നത്‌
നായമുഖങ്ങളുടെ  കണ്ണുവെട്ടിച്ചു
പുസ്തകശാല കണ്ടെത്തി

മഞ്ഞത്തുമ്പി മുഖം ധരിച്ചു
പൂമരചിത്രമുള്ള പുസ്തകച്ചട്ടയിലിരുന്നു
മൂങ്ങമുഖമുള്ള സൂക്ഷിപ്പുകാരെ കബളിപ്പിച്ചാണ്
ചരിത്രപുസ്തകങ്ങല്‍ക്കരികിലെത്തിയത്

ചിതല്‍ മുഖം വീണ്ടെടുത്ത്‌  കതകുതുറന്നത്
ചരിത്രം തിരുത്തിയെഴുതനായിരുന്നു 

കുതിരചിത്രങ്ങള്‍ക്ക് ചെവിനീട്ടി-
നടുവളച്ചു കഴുതകളാക്കി
പാമ്പുകള്‍ക്ക്  ചിറകുകള്‍ വരച്ചു
ഉറുമ്പുകള്‍ക്ക് വാലും  മുയലിനു കൊമ്പും


പിന്‍വഴി തെറ്റിപ്പോയവര്‍ ...
മുന്‍വഴി കാണാതെ ഉഴറുന്നതോര്‍ത്ത്‌  ഊറിച്ചിരിച്ചു
  
ചിതലുകള്‍ നാടു ഭരിച്ചിരുന്നെന്നും     
ചരിത്രം തിരിച്ചു വരുമെന്നും തിരുത്തുമ്പോളാണ്    
ഇരട്ടവാലെന്റെ വരവ്

ചരിത്രത്തില്‍ പങ്കു വേണമെന്ന്
ഹും ഞാനുണ്ടോ വിടുന്നു
ആദ്യം അടിയായി വഴക്കായി ...
പിന്നെ ഞങ്ങള്‍ സന്ധിയായി  ഉടമ്പടിയായി

വടക്കും  പടിഞ്ഞാറും അവനു കൊടുത്തു
ദൈവത്തിനെ   പങ്കിട്ടെടുത്തു

ഒരു ജനതയെ  അവര്‍ അര്‍ഹിക്കുന്നവര്‍
ഭരിക്കുമെന്നു വായിച്ചു ഞങ്ങള്‍
കൈകൊട്ടി ചിരിച്ചു, കെട്ടിപ്പിടിച്ചു ....