Tuesday 22 February 2011

പാടം, എന്‍റെ പെണ്ണ്

കാടുവെട്ടി കടമ്പുവെട്ടി -
കണ്ണുനീറ്റി മണ്ണു നീറ്റി-
കാഞ്ഞമണ്ണില്‍ നീരൊഴുക്കി
കാളപൂട്ടി ഞാറെറിഞ്ഞേ-
മനസ്സെറിഞ്ഞേന്‍ നെല്‍പ്പാടത്ത് 

കാല്‍വഴുക്കും  വരമ്പോരം
കാത്തുനിന്നോള്‍ കണ്‍കഴച്ചേ 
കാടുപൂത്ത മണംതൊട്ടൊരു-
കാറ്റുവന്നെന്‍  കൈപിടിച്ചേ
കാറ്റുതൂവിയ കവുങ്ങിന്‍  പൂ -
മാറിലണിഞ്ഞൊരു പെണ്ണുനിന്നേ-
വേര്‍പ്പുതോറ്റിയ മേനികണ്ടാല്‍   
വെയില്തിളക്കും,നെല്‍പ്പാടത്ത് 

മേലോന്‍റെ മടമ്പുപൊട്ടി -
കാറുപെയ്തേ, കുടിലുപെയ്തേ
പാടമെല്ലാം കടലായേ, അത് തേവി -
തേവിയോന്‍റെ കാല്‍ തിരുമ്മി
കൈകഴച്ചേന്‍ പെണ്ണാളിന്ന്       

കളപറിച്ചേ, ഞാറു പൂത്തേ-
ചെമ്പഴുക്കാ ചാറുതൊട്ടൊരു
ചുണ്ടു ചോന്നതു കണ്ടു-
നാണം കൊണ്ടു വാലന്‍-
കിളിചിലച്ചേന്‍ നെല്‍പ്പാടത്ത്

വയല്‍ വിളഞ്ഞേ, മനം നിറഞ്ഞേ-
വയലു കൊയ്യാന്‍ കിളിയിറങ്ങീ-       
കിളിയെയാട്ടാന്‍ അവളിറങ്ങീ 
അണിവയറില്‍  കതിരുലഞ്ഞേ-
കൊയ്തു കൊയ്തെന്‍-
കൈകഴച്ചേന്‍ നെല്‍പ്പാടത്ത്

Monday 14 February 2011

നീയും നിലാവും

ചിതറുമീ നിമിഷത്തിനപ്പുറം നീയെന്‍റെ-
ഹൃദയത്തില്‍ വീഴും നിലാവുപോലെ
സഖി നിന്‍റെ മുടി കൊതി അര്‍ദ്രമാമൊരുകാറ്റു
പ്രണയം മണത്തു ചിരിച്ചു പോകും
ഒരു മഴ കനക്കാതെ ഒച്ചയ്ണ്ടാക്കാതെ
തിരി പോലെ പെയ്യും നമുക്ക് ചുറ്റും
വിജനമാമിടനാഴി നിഴലുകള്‍ നാണിച്ചു
ചുവരിന്‍റെ പിന്നില്‍ മറഞ്ഞു നില്‍ക്കും
ഹരിത ഞരമ്പു തുടിച്ച കൈത്തണ്ടില്‍
തഴുകിയരികില്‍ അണച്ച നേരം
അകലെയാ ചരിവില്‍ വിടരുന്ന മാരിവില്‍പ്രഭ
നിന്‍റെ മിഴികളില്‍ പൂത്തു നിന്നു

Sunday 6 February 2011

എനിക്ക് നിന്നെ അറിയാം

ഭയന്ന്‌ ചിതറിപ്പോയോരാള്‍ക്കൂട്ടത്തില്‍   
എല്ലാ കണ്ണുകളും കണ്ണുകളില്‍ തിരഞ്ഞത് 
വിഹ്വലതകള്‍ അടങ്ങിയൊരു ഇന്ദ്രിയത്തിന്‍റെ
നിതാന്തമാം ശാന്തതയാവണം     
ഒരു കാന്തവീചിയിലൂടെ ഒന്നൊന്നിനെ
ദത്തെടുക്കുംവരെ നമുക്കന്ന്യരായ് തുടരാം

എല്ലാ മൌനവും ഒന്നുചേര്‍ന്നൊരു
നിലവിളിയായി കാതില്‍ പതിഞ്ഞോടുങ്ങും
അപ്പോഴും നാം കാതോര്‍ക്കുന്നതൊരു  -
ഞരക്കത്തിന് വേണ്ടിയെങ്കിലുമാവും
ഓരോ രോദനവും പ്രാര്‍ത്ഥനപോലെ     
ഏറ്റുപാടാന്‍ കൊതിച്ചു നാവുഴലും

ഒടുവില്‍ പിന്നിലേക്കുനടന്നു നാം
തങ്ങളിലുരുമ്മി നില്‍ക്കും,
ആണും, പെണ്ണുമാവാതെ-
നിറവും, മണവുമില്ലാത്ത -
ജീവന്‍റെ ചൂടിനെ അറിയുമൊരു -
ജീവന്‍റെ തുടിപ്പുള്ളിലുയരുമ്പോള്‍
നിന്‍റെ ഉയിരെന്‍റെ ഉയിരെത്തൊടും 
നാം തമ്മില്‍ പറയാതെ അറിയും ...
പിന്നെയും .....പിന്നെയും ...