Monday 20 December 2010

അവര്‍ തിരയുന്നത്

1 )കല്ലുമുക്കൂത്തി  
പകലറുതിയില്‍ ഇരുളിന്‍റെ മറപറ്റി
നിഴല്‍രൂപങ്ങള്‍ കാലൊച്ചയില്ലാതെ
മെലിഞ്ഞകുഞ്ഞുങ്ങളെ കവച്ചുപോയി-
കിതയ്ക്കുന്ന നിശ്വാസങ്ങളിറക്കിവയ്ക്കും
മണ്ണെണ്ണക്കരിപുരണ്ട ഒറ്റമുറിച്ചുവരില്‍  
ഉടഞ്ഞുപോയൊരു ഫോട്ടോയില്‍ കണ്ണുനട്ട്
ഒരുകല്ലുമൂക്കുത്തി  കിടപ്പുണ്ടാവും
അവര്‍ ആരെയും തേടിച്ചെന്നില്ല

2 )കടുത്തുപോയ മുഖങ്ങള്‍ 
കടുംചേലചുറ്റി പട്ടണവഴികളില്‍ കാത്തുനിന്നു
കടക്കണ്ണാല്‍ കാമമെയ്ത്  ഇരപിടിക്കും
ഒരു നോട്ടത്തില്‍ ചൂളുന്നവനെ
ചായം പുരണ്ടോരുചുണ്ട് വക്രിച്ചു ചിരിക്കും 
വിലപേശി തിരിഞ്ഞു നടന്നാല്‍
ആട്ടി കണ്ണുപൊട്ടിക്കും തന്റെടമുള്ളവര്‍   
അടുപ്പമുള്ളവരോട് കടുത്തുപോയ മുഖങ്ങളുടെ
കൂസലില്ലായ്മക്ക്  പിന്നിലെ   
പിഴച്ചുപോയ ആദര്‍ശങ്ങള്‍ പുലമ്പും
വീര്‍പ്പിച്ച ബലൂണുകള്‍ പോലെയാണവരുടെ മനസ്സ് 
ഹൃദയത്തോട് ചേര്‍ത്തുപിടിച്ച നിശ്വാസങ്ങലേറ്റ്   
ചിലര്‍ പൊട്ടിപ്പൊട്ടി കരയാറുണ്ട്

3 )കരിന്തിരികള്‍ 
കൂട്ടിക്കൊടുപ്പുകാരന്‍റെ  പിന്‍പറ്റി
നഗരത്തിന്‍റെ ലോഡ്ജുമുറികളില്‍    
പ്രതീക്ഷയറ്റ ചില മിഴികളുണ്ട്‌
ഇരമ്പിയാര്‍ക്കുന്നോരുമനസ്സില്‍
വഞ്ചിക്കപ്പെട്ടവളുടെ യാതനകള്‍
പറയാനും ഭയപ്പെടുന്ന വിഴുപ്പുകള്‍
ഒരുമുഴം കയറിലോടുങ്ങിപ്പോകും വരെ
മുനിഞ്ഞുകത്തുന്ന കരിന്തിരികള്‍

4 )ചുവരുകള്‍ വായിക്കുന്നവര്‍   
പാനശാലയുടെ  അരണ്ട മൂലകളില്‍
രാവുണരുമ്പോള്‍ കവിളില്‍ കവളുരസി-
ഒരാട്ടത്തിന് ക്ഷണിക്കുന്നവര്‍
ഒരുകുപ്പി ഷാമ്പയിനില്‍  കുതിര്‍ന്നു
ചുവടുറക്കാതെ മടിയില്‍ വീണു -
ഈരാവു ഞാന്‍  നിനക്ക് സമ്മാനിക്കുന്നെന്നു ചിലര്‍
രാവുപുലരുമ്പോള്‍ ചുവരുകളില്‍
നഷ്ടബോധത്തിന്‍റെ കണക്കുകള്‍ തിരയുന്നത് കാണാറുണ്ട്

Sunday 19 December 2010

കണ്ണു വയ്ക്കല്ലേ

ഒരു കാറ്റൊപ്പം വന്നു  തലോടിപ്പോകും
മരിച്ചിട്ടില്ലെന്ന്  ഓര്‍മിപ്പിച്ചു  ചില ഓര്‍മ്മകള്‍
ഒറ്റമുറി ലോഡ്ജിന്റെ ജനാലയ്ക്കപ്പുറം
മറഞ്ഞു  നില്‍ക്കും നിഴല്‍ പോലെ
ഒരു പച്ചതുള്ളനോപ്പം വന്നു തുള്ളിവന്നു
പുസ്തകങ്ങള്‍ക്കുമേല്‍ പിടിതരാതെ ഇരിക്കും
കൂവിപ്പോയൊരു തീവണ്ടിയോച്ചക്കൊപ്പം
അശോകച്ചക്രങ്ങള്‍   നീണ്ടു  പരക്കും
ഞാവല്‍പ്പഴം തിന്നു നീലിച്ചൊരു  നാവ് നീട്ടി
കളിക്കൂട്ടുകാരികള്‍ മുടിയാട്ടി ചിരിക്കും
അമ്മൂമ്മപ്പഴം തിരഞ്ഞു  കുന്നുച്ചുറ്റും
കാക്കപ്പൂ തേടി  ഞങ്ങള്‍ കാവുതീണ്ടും ,
കര തോട്ടോരാറു  നിറയും
അതു കണ്ടാല്‍  മനസ്സ് കവിയും
കാറ്റടിച്ചു ചുഴറ്റി എന്‍റെ 
കൂട നിറയെ മാങ്ങാ നിറയും 
പുലരിയാകെ പൂമണക്കും 
ഓര്‍മയില്‍ ഞാന്‍ കുടമറക്കും ,
മഴ നനഞ്ഞു ഞാന്‍ ഊര് ചുറ്റും.
കണ്ണു വയ്ക്കല്ലേ എന്നെ,
കല്ലെറിയല്ലേ നിങ്ങള്‍ , കല്ലെറിയല്ലേ

കാത്തിരിക്കുന്നവരോട്

ഒരു ജനതക്കുമുകളില്‍ രാസായുധം വിതച്ചു
വിളവിന് കാത്തിരിക്കുന്നവരോട്
പുഴുകുത്തിപ്പോകുന്ന ജന്മങ്ങള്‍ക്കായി നിങ്ങള്‍
ഒരു ഗില്ലറ്റിന്‍ യെന്ത്രം സബ്സിഡി നിരക്കില്‍ നല്‍കുക
ഉടലിനും ശിരസ്സിനുമിടയില്‍ ഒരു ഗില്ലറ്റിന്‍ ബ്ലേഡ്
കാത്തിരിക്കല്‍ ഒരു നിമിഷത്തിന്റെതാണ്
വേദനയില്ലാത്തൊരു മരണം വാഗ്ദാനം ചെയ്യുക
അരിച്ചുതീര്‍ക്കാന്‍ ഉറുമ്പും ചിതലുമില്ലാതെ
ഉണങ്ങിപ്പോകുന്ന ശവങ്ങള്‍ക്ക്‌ കാവലിരിക്കുന്നവരോട്
നിങ്ങളവ കുത്തിപ്പോടിച്ചു വില്‍ക്കാന്‍ വയ്ക്കുക
വാങ്ങാന്‍ സര്‍ക്കാര്‍ ആളയയ്ക്കും
ഫിനിഷിംഗ് പോയിന്റിലേക്ക് പായുന്നൊരു ഇന്ത്യക്കാരിക്ക്‌
വേണ്ടി കൈ കൊട്ടുന്നൊരു എന്ടോസഫന്‍ ഇരയോട്‌
കൈവേദനിക്കുന്നു എന്നുപറയരുത്
നിന്‍റെ ദേശീയതയ്ക്ക് അര്‍ത്ഥമില്ല
തൂങ്ങിമരിക്കാന്‍ മരക്കൊമ്പില്ലെന്നു വിലപിക്കരുത്
പുതിയ മൊബൈല്‍ ടവറുകള്‍ അനുവദിക്കുന്നുണ്ട്

വീണ്ടുമൊരു ഡിസംബര്‍

ഒടുവിലെ ഡിസംബറില്‍ തെരുവിനോരോത്തൊരു
വിളക്കുകാലിന്‍ ചോട്ടിലെന്‍ വയസ്സന്‍ വയിലിന്‍റെ
വിറക്കും തന്ത്രിക്കൊപ്പം പതിഞ്ഞ പാദം വച്ചു
നീ വച്ച ചുവടുകള്‍ പിഴക്കുന്നെങ്കിലും; 'അനാ'
ഉതിര്‍ന്നൂ  റൂബിള്‍ ചുറ്റും , നിന്‍റെ
നരച്ച സ്റ്റൊക്കിങ്ങസില്‍ സഹതാപമോര്‍ത്തിട്ടാവാം

തിരിഞ്ഞു നടക്കുമ്പോള്‍ നീ പറഞ്ഞതാ
പഴയ ഡിസംബറിന്‍ ഓപ്പറരാവെപ്പറ്റി
പ്രണയം തുളുമ്പുന്ന ഗാനം നീ വായിക്കുമ്പോള്‍
അരങ്ങില്‍ ചാടുലമെന്‍  യൌവ്വനം തുടിക്കുമ്പോഴുതിരും 
കരഘോഷം ഇടവിട്ടുയരുമ്പോള്‍
ശിശിരം വഴിമാറി വസന്തം വിരിയുമാ
ഡിസംബര്‍ രാവുനീയോര്‍ക്കുമോ 'യോഷോ' ഇന്നും

വിറക്കും പനിക്കൊളില്‍ ചിമ്മിനിച്ചുവര്‍  ചാരി
ഒടുവിലെ കേയ്ക്കും ചുട്ടെന്നെ നീട്ടി നീ പറയുന്നു
യോഷോ ,ഈ മരവാതില്‍ നീ  ചേര്‍ത്തടക്കരുത് 
ഒരുവരി ഉറുമ്പിന്റെ  വഴിമുടക്കരുത്
കലവരപ്പാത്രങ്ങള്‍ മുടിവയ്ക്കരുത്
പിരിഞ്ഞുപോയവരെ നാമിനിയും കാത്തിരിക്കരുത്

ചിതറും ഡ്രമ്മില്‍  ശബ്ദം നേര്‍ത്തു നേര്‍ത്തോടുങ്ങുമ്പോള്‍
ഇരുളില്‍ കരോള്‍ സംഘം പിരിഞ്ഞു നടക്കുമ്പോള്‍
ചുമലില്‍ ചാരി നീ മൊഴിയുന്നു , അനാ വീണ്ടും
ഒടുവിലെ ഡിസംബരനെനിക്കിത് യോഷോ
എവിടെനിന്‍ വയലിന്‍ ഒരു പ്രണയഗാനം നീ
എനിക്കായ് വായിക്കുമോ  

വിതുമ്പും ശ്രുതിലീ പ്രണയ ഗാനം നിന്‍റെ 
മിഴിയില്‍ മിഴിനട്ടു നിനക്കായ്‌ വായിക്കുമ്പോള്‍
നേവയില്‍ ശീതജലമുറയാനോരുങ്ങുമ്പോള്‍
മേപ്പിളിന്‍ ചില്ലിന്‍  വീണ്ടും ഡിസംബര്‍ ഉണരുന്നു.

പിരിയാന്‍ മനസ്സില്ലാത്തവര്‍

ആകാശം ചരിച്ചു പിടിച്ചൊരു പടമാണെന്നും
ചിതറിവീണ ചായങ്ങള്‍
നമുക്കുമേലിറ്റുവീഴുമ്പോള്‍ നാം
ഉയിര്‍ത്തെഴുനെല്‍ക്കുമെന്നും പറഞ്ഞാണ്
നീയുറക്കെയുറക്കെ  ചിരിച്ചത്

നേര്‍ത്ത കാറ്റുള്ളൊരു സായാഹ്നത്തില്‍
ഒരൊറ്റ മരത്തിന്‍ കീഴെ
മടിയില്‍  തലവെച്ചുകിടന്നാണ്
നീയത് പറഞ്ഞത്

ഒടുക്കം  പെയ്തമഴയില്‍
നമുക്കു മുകളിലെ
മണ്ണൊലിച്ചുപോയപ്പോഴാണ്
അസ്ഥികളില്‍  പൂക്കള്‍ വിരിഞ്ഞത്

നെഞ്ചില്‍ ഇഴചേര്‍ത്തു
തമ്മില്‍ ചെര്‍ത്തുവച്ചൊരു
വേരിലൂടെയാണ്
നമ്മള്‍ സംവദിച്ചത്

പിരിയാന്‍ മനസ്സില്ലതെയാണ്
നമ്മള്‍ ജീവിക്കുന്നത് 

നമ്മള്‍ ഏറ്റവും പ്രണയിച്ചത്

പതിഞ്ഞും പതഞ്ഞും പെയ്തു തോരാതെ
എന്നിലേക്ക്‌ തന്നെ പെയ്തു
വീണോരെന്‍റെ മഴയാണ് നീ
നിന്നില്‍ കുതിര്‍ന്നു അലിഞ്ഞലിഞ്ഞു
ആര്‍ദ്രമായൊരു തൊണ്ടിനുള്ളില്‍
സമാധിയില്‍ ഞാനും
തമ്മില്‍ പുണര്‍ന്നു ഹൃദയത്തോളം
കിനിഞ്ഞിരങ്ങുന്നതിനു തൊട്ടു മുന്‍പാണ്‌
നമ്മള്‍ ഏറ്റവും പ്രണയിച്ചത്
പെയ്തു പെയ്തൊരു തുള്ളി മാത്രം
ബാക്കിയപ്പോള്‍ മുളച്ചുവന്നൊരു
പുല്‍ക്കൊടിയാണ് ഞാന്‍
എന്നിലത്തുമ്പില്‍ തിളങ്ങിനിന്നു നീ
ഒരു ശൂന്യതയും നിലര്‍ത്താതെ
ഖനീഭവിച്ചു പോകും വരെ കാലം
നമുക്കുചുറ്റും നിശ്ചലമായിരുന്നു

പ്രവാസി

മുഷ്ടിക്കുള്ളില്‍ സ്ഖലിച്ചുപോയോരിരവിനെ ശപിച്ചു
സമവായങ്ങളില്ലാത്ത പകല്‍ 
പാഞ്ഞുപോകുന്ന മിനിബസിന്‍റെ
സ്ഫടിക ജാലകത്തിലൂടെ
എയ്തുവിട്ടോരോര്‍മ്മയനെനിക്ക് നീ   
അടച്ചിട്ട കുളിമുറിക്കുള്ളിലെ 
അടക്കിപ്പിടിച്ചോരു ഗദ്ഗദം 
ചുട്ടുപൊള്ളുന്ന പകലിന്‍റെ ഉച്ചിയിലേക്ക്
ആത്മാക്കളെ ഇഴചേര്‍ത്തു പിരിച്ചു 
സ്വപ്നങ്ങളെല്ലാം കൊരുത്തുവിട്ടപ്പോള്‍
പുറം കണ്ണില്‍ ഉപ്പുനിറഞ്ഞു-
അകം കണ്ണുപോട്ടിപ്പോയോന്‍
അടുക്കു പാത്രത്തില്‍ അടക്കം ചെയ്ത
കുമിഞ്ഞ ചോറിന്‍റെ ഗന്ധമാണെനിക്കിന്ന്  
നിസ്സഹായതയില്‍  അത്തര്‍  പുരട്ടി
നിന്നെ നോക്കി വെളുക്കെചിരിച്ചോന്‍
കറ വീണ കണ്ണാടിക്കു മുന്നിലും
എന്നെത്തന്നെ വഞ്ചിച്ചോന്‍
നീ നിനച്ചവനല്ല ഞാന്‍,
പ്രവാസി.............

നിന്‍റെ വിഷാദകാലത്തിന്

ഇനിനിന്‍ ഞരമ്പറുത്തെന്നില്‍ ബന്ധിക്കുക, വിഷാദ
വിഷലിപ്ത നിണമരിക്കട്ടെ എന്നമര കോശങ്ങള്‍ 
മിഴിയടര്‍ത്തൂ നീയാ മഴരാവിന്‍ വിജനതയില്‍
പെയ്തു തീരട്ടെ ഇനിയതു നിശബ്ദമായ്
പറയരുതടക്കം നീല വഴിനിഴലുകളോടവ 
വഴിവിളക്കപ്പുറം തങ്ങളില്‍ വഞ്ചിച്ചോട്ടെ
വരിക എന്നരികിലീ ഇരവിനാര്‍ദ്രതയിലൊരു
നിശാഗന്ധി പോളനീര്‍ത്തുമൊരു മൃദുസ്വരം  
നമുക്കത്  കതോര്‍ത്തിടാം
മിഴികളെഴുതൂ നീയീ പുതിയ സ്വപ്നങ്ങളാല്‍
പോയിമറയെട്ടേ  കണ്‍തടങ്ങളിന്‍ ഇരുളിമ
ഇലകള്‍ പാതി കൊഴിച്ചു മരങ്ങളും
കുളിരുപേറുമീ  മഞ്ഞിന്‍  ശിശിരവും,
ഒരു ശിലപോലുറഞ്ഞു ഞാനും  
ഒരുസുഷുപ്തിയില്‍ മെനയും കിനാക്കളില്‍
പുതുവസന്തവും, അതില്‍ വിഷാദത്തിന്‍
പടമുരിഞ്ഞൊരു ശലഭമായ് നീയും

വെളുത്ത പട്ടങ്ങള്‍

വെടിതുളച്ചു തകര്‍ന്ന ചുമരുകള്‍
അടിയടര്‍ന്നു ദ്രവിച്ച തൂണുകള്‍
നിഴലു പോലെ ചരിഞ്ഞുനില്‍ക്കുമീ-
ദുരിതഭവന വാതയാനത്തിലൂടിരു-
കൈപ്പടം നെറ്റിയില്‍ ചേര്‍ത്തു
തെരുവിലേക്കുറ്റു നോക്കി നില്‍ക്കുന്ന നിന്‍
മിഴി തിരയുന്നതെന്തിനെയായിടാം 

നിന്‍റെ തിമിര വളയത്തിനിരുപുറവും ലോകം
കനവും സത്യവുമായി തിരിഞ്ഞിരിക്കുന്നു
നിറം വാര്‍ന്നു  പോയൊരു  ചിത്രംപോലീ
ഈ തെരുവു നന്നേ നരച്ചിരിക്കുന്നു
ചുവരിനപ്പുറം ജാലക പടിയിലുറപ്പിച്ചോരെന്ത്രതോക്കിന്‍- 
പിന്നിലൊരു  ജഡം നിന്‍റെ കവലായിരിക്കുന്നു 

ഇലകരിഞ്ഞ മരത്തിലിരുന്നെന്ത്രക്കുരുവി-
ചാരക്കണ്ണൊരുവലത്തു ചുഴിഞ്ഞു നോക്കി
ഒരു ചൂളം കുത്തി അടയാളം വച്ചു.
അതും പാട്ടെന്നു നിനച്ചുനീ ചിരിച്ചതു-
കേട്ടാ കിളി പറന്നു പോയി

പൊടിപടലങ്ങള്‍ അടങ്ങുമ്പോള്‍ നിന്‍റെ
മിഴികള്‍ക്കു മുന്‍പില്‍ തെളിയുന്നതൊരു
വെടിയുതിര്‍ത്തു പഠിക്കുന്ന  ബാല്യം
അവശിഷ്ടങ്ങളില്‍ കളഞ്ഞുപോയൊരു
മാതൃത്വം തിരഞ്ഞു വിലപിച്ചോരമ്മ 
പിന്നെയൊരു വമ്പന്‍മതില്‍ അതിന്നുമപ്പുറം
വെളുത്ത പട്ടങ്ങള്‍ ഉയര്‍ന്നു പറക്കുന്നു.

മൃഗതൃഷ്ണ

ഭയമാണെനിക്കിത് പറയാന്‍, നിന്നോടിന്നെന്‍
മരണം പോലെന്തോ മണക്കുന്നുണ്ട് ചുറ്റും
നരകം പൂത്തിട്ടുണ്ടീ ഇരുണ്ട മുറികളില്‍
പുളിച്ച ബീജഗന്ധം പേറുന്നീവിരിപ്പുകള്‍.

ഭയമാണെനിക്കൊന്നു നെടുവീര്‍പ്പിടാന്‍ പോലും
ചൊറിഞ്ഞുപൊട്ടിച്ചലം നാറുന്ന വൃണം മാന്തി,
സുഖിച്ചു മിഴികൂമ്പി ഇഴഞ്ഞുനടക്കുന്നുണ്ടെനിക്ക്
ചുറ്റിലും സുഖം തേടിയ നരഭോജി

കടിച്ചു വലിക്കയാണിരുകാലി മൃഗങ്ങളെന്‍
ചതഞ്ഞ മാംസം, മനസ്സെന്നേ മരിച്ചുപോയ്
‌തുറിച്ച കണ്ണില്‍ തെല്ലും കാമമില്ലവനുള്ളില്‍
ഇര
തേടും നരി പോല്‍ മൃഗതൃഷ്ണ

ഭയമാണെനിക്കിന്നു മരിക്കാന്‍,ശവം വാങ്ങാന്‍
വരിയായി നില്‍ക്കുന്നുണ്ട് മൃതസുരതം നടത്തുന്നോര്‍
ഭയമാണെനിക്കിത് പറയാന്‍, നിന്നോടിന്നെന്‍
മരണം പോലെന്തോ മണക്കുന്നുണ്ട് ചുറ്റും

ഹൃദയങ്ങള്‍ ചേര്‍ത്തുവച്ചവര്‍ക്ക്...

നിന്‍റെ ഘടികാരത്തിലെ സമയസൂചികള്‍ വേയ്ച്ചു വേയ്ച്ചു
നിലക്കുന്നതിന്‍ മുന്‍പ് നീയെനിക്ക് പറിച്ചു തന്നത്;
ചൊന്നു തുടിക്കുന്ന നിന്‍റെ ഹൃദയമായിരുന്നു .
ഒരു നേര്‍ത്ത വെള്ളവിരി നിന്നെ മൂടുമ്പോള്‍
ഞാനാ ഹൃദയം എന്‍റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു
വിങ്ങി വീണ വിതുമ്പലുകള്‍ , എങ്ങലുകളായപ്പോള്‍
നമ്മുടെ സ്വപ്ങ്ങള്‍ ജനാലചില്ലുകളില്‍ ഘനീഭവിച്ചു നിന്നു.
ചെമ്പകപ്പൂകള്‍ വാടിവീണ കുഴിമാടത്തിനരികെ
നിന്‍റെ പ്രണയരക്തം കുടിച്ചു ചോന്നുപൂത്തോരീ
ചെമ്പനീര്‍ പൂവും ഞാനും ബാക്കി...
രാമഴ കനക്കുമ്പോള്‍ ഹൃദയമില്ലാതെ തണുത്ത് നീയും
നിന്‍റെ ഹൃദയം പേറി വെന്തു ഞാനും
രാവുറങ്ങാതെ കഥകള്‍ പറഞ്ഞും, തമ്മില്‍ കലഹിച്ചും
പേര്‍ത്തു വിതുമ്പിയും , നീളെ നെടുവീര്‍പ്പിട്ടും രണ്ടു ഹൃദയങ്ങള്‍ ..
ഹാ പ്രണയമേ....
ഈ ഇരുമ്പഴിക്കുള്ളില്‍ നിനക്കായ്‌ തുടിക്കുന്നു....

നീ എന്നേ സ്നേഹിച്ചതെന്തിന്

നീ  എനിക്കായി രാവിനെക്കൊണ്ടു നിലാവ് പെയ്യിച്ചു
കരിമുകിലിനെക്കൊണ്ടു മാരിവില്ല് വിരിയിച്ചു
പൂക്കളെക്കൊണ്ടു മണം പരത്തി
കുയിലിനെകൊണ്ടു പാട്ടു പാടിച്ചു
അമ്മേ …
എന്നിട്ടും ഞാന്‍ നിന്നെ നിഷ്കളങ്കതകാട്ടി  വഞ്ചിച്ചു .

നീ  എന്നേയുറക്കാന്‍  ഉറങ്ങാതിരുന്നു

എനിക്ക്  കാണാന്‍  നിന്നെ  തന്നെ  എരിച്ചു
എനിക്കുടുക്കാന്‍  നീ  ഉടുപ്പഴിച്ചു
എന്നെ  ഊട്ടാന്‍  നിന്നെ  തന്നെ  വിറ്റു
എന്നിട്ടും  നീ  എനിക്കായി ചുരന്നതൊക്കെയും ഞാന്‍  മറന്നു

നിന്‍റെ നടവഴികളില്‍ ഞാന്‍ കുപ്പിച്ചില്ലുകള്‍ വിതറി

നിന്‍റെ   മുറിവുകളില്‍  ഞാന്‍ ഉപ്പുപുരട്ടി
നിന്‍റെ  സിരകളില്‍ വിഷമെന്നു ഞാന്‍ വിളിച്ചു പറഞ്ഞു
നിന്നെ  വിട്ടു  ഞാന്‍  ഓടിയകന്നു
അമ്മേ  എങ്കിലും നീ എന്നെ നിഷ്കളങ്കമായി  സ്നേഹിച്ചു ..

ഞാന്‍  നിന്നെ  വിരുന്നു  വിളിച്ചില്ല

എന്‍റെ  കുഞ്ഞുങ്ങള്‍  നിന്നെ  മുത്തശ്ശിയെന്നു  വിളിച്ചില്ല 
നിന്‍റെ  രോഗശയ്യക്കരികില്‍  ഞാന്‍  ഉറങ്ങാതിരുന്നില്ല
നിന്‍റെ  മരണത്തിനു  ഞാന്‍  വഴിപാടു  നേര്‍ന്നു  ..
അമ്മേ  എങ്കിലും  നീ  എന്നെ  വെറുക്കാതിരുന്നു  ..

അമ്മേ  എങ്കിലും  നീ എന്നേ സ്നേഹിച്ചതെന്തിന്.....…..

ശവങ്ങള്‍

തെരുവിലാകെ ഇരുണ്ട മൂലകളാണ്
വലിയ കെട്ടിടങ്ങള്‍ക്കിടയില്‍ ‍ നിഴല്‍‍ വീണ നിശബ്ദമായ ഇരുണ്ട മൂലകള്‍
അവിടെയാണ് ഞാനാ ശവം കണ്ടത്
ഒരു പെണ്ണിന്‍റെത്; കഴിഞ്ഞ രാവിന്റെ ബാക്കി .
സുന്ദരിയാണവള്‍‍, കണ്ണടച്ച്, വശം ചരിഞ്ഞു 
വെളുത്തു , നീണ്ട കണ്‍പീലികളുള്ള സുന്ദരി.
ചുവന്ന ഫ്രോക്കണിഞ്ഞു;
ചുണ്ടുകള്‍ അല്പം തുറന്നു , നീണ്ട മുടിയുള്ള സുന്ദരി
ഇതിവിടെ പതിവാണ്... 
തെരുവിന്‍റെ ഇരുണ്ട മൂലകളില്‍‍;  പെ‍ണ്‍ശവങ്ങള്‍.
മിനിയാന്നും നാലു നാള്‍മുന്‍‍പും ഉണ്ടായിരുന്നു
മുകളില്‍നിന്നും താഴേക്ക്റിയപ്പെട്ടവര്‍,
സ്വയം ചാടി മരിച്ചവര്‍,‍ ബലാല്‍ക്കാരം  ചെയ്യപ്പെട്ടവര്‍
മയക്കുമരുന്ന് കഴിച്ചു നിലതെറ്റിവീണു മരിച്ചവര്‍
എന്താണ് നിന്‍റെ ചോദ്യമെന്നെനിക്കറിയാം
അന്വേഷണം ?, പോസ്റ്റ്‌മാര്‍ട്ടം?.
ഇല്ല.
ന്തുവണ്ടികളില്‍ ചവറുള്‍ക്കൊപ്പം  ഇവരെയും കൊണ്ടുപോകും .
തെരുവ്നായ്ക്കള്‍‍ക്കൊപ്പം ഇവരെയും മറവു ചെയ്യും.
എന്തിനു  നീ നടുങ്ങുന്നു ?.  
ഇത് ശവങ്ങളുടെ തെരുവാണ്
ജീവനുള്ള ശവങ്ങളും, ജീവനില്ലാത്ത ശവങ്ങളും
തെരുവിലാകെ ഇരുണ്ട മൂലകളാണ്
ഇവിടെ വരുന്നവര്‍ ഇരുണ്ട മൂലകള്‍ തേടി വന്നവരാണ്
നീ വീണ്ടും നടുങ്ങുന്നതെന്തിന്‌ ...?.
രക്ഷപെടാനോ?.  ഒരെഒരുവഴി മാത്രം ......
കണ്ണുതുറിച്ചു; അലറിവിളിച്ചു തിരിഞ്ഞോടുക
നിന്നിലെക്കുതന്നെ .....