Monday 14 March 2011

ഞാനും ദൈവവും

ഞാന്‍ ദൈവമേ ദൈവമേ എന്നും , 
നീ മകനെ മകനെ എന്നും 
വിലപിച്ചതുകൊണ്ട് ,
തമ്മില്‍ കണ്ടവരല്ല നമ്മള്‍   
പഞ്ഞി മേഘങ്ങള്‍ക്കിടയില്‍
വളഞ്ഞും പുളഞ്ഞും
പാറിക്കളിക്കുമ്പോള്‍ 
യാദൃശ്ചികമായി കണ്ടുമുട്ടിയവരാണ്
നിസ്സഹായതയുടെ മനുഷ്യതുരുത്തുകള്‍ 
കണ്ടിട്ടും കാണാതെ,
മുകളിലേക്കെയ്യുന്ന 
വിലാപങ്ങളുടെ കൂരമ്പേല്‍ക്കാതെ 
ലംബവും തിരശ്ചീനവുമായി
മത്സരിച്ചു പറന്നവര്‍ 

ചുമലിലിടിച്ചു ചിറകൊടിഞ്ഞു 
നിലം തൊട്ടൊരു കിളി
നായാടിപ്പോകും വരേയ്ക്കും 
നഷ്ട്ടപ്പെട്ടൊരു ആകാശം നോക്കി
നിന്നെ ശപിച്ചു 
അത് കേള്‍ക്കെ നമ്മള്‍ ചിരിച്ചു 
കറപ്പും വെളുപ്പുമായൊരു
മേഘത്തില്‍ പൊതിഞ്ഞു
തങ്ങളില്‍ നഷ്ട്ടപ്പെട്ടിട്ടും 
ഞാന്‍ ദൈവമേ ദൈവമേ എന്നും , 
നീ മകനെ മകനെ എന്നും 
വിലപിച്ചതേയില്ല . 




Thursday 10 March 2011

രാവുറങ്ങുമ്പോള്‍

വ്യഥിത രാവുറങ്ങുമ്പോള്‍ എന്നിലെ മൌനം-
പൊട്ടിച്ചടവി ഉണരാറുണ്ടുള്ളിലെ കലക്കത്തില്‍
മധുര രാഗങ്ങളില്‍ കിളികള്‍ പാടാറുണ്ടവിടെ -
അരുവികള്‍ കളകളമൊഴുകുമനസ്യൂതം

ഉയരും വന്‍മരങ്ങള്‍, ധ്യാനിക്കും -
വാത്മീകങ്ങള്‍ക്കിടയില്‍ ചരിക്കുമ്പോള്‍
പാദങ്ങള്‍ ആര്‍ദ്രമാം നിലത്തെതോടുമ്പോള്‍
ഞാനെന്നെ അറിയാന്‍ തുടങ്ങുന്നു

ഒരു കരി ചിന്നംവിളിച്ചാര്‍ത്തു മദിയ്ക്കും
അതുകേട്ടു കലമ്പും അണ്ണാര്‍ക്കണ്ണന്‍
ഒരു ഞൊടിയില്‍ ഘനഗര്‍ജനത്തില്‍ -
കാടുലയും പിന്നെയുമൊട്ടിട ശാന്തം

വിരിയും മുന്‍പേ നിന്‍റെ ചിറകിന്‍ കീഴില്‍
ഹൃദയസ്പന്ദനം കേട്ടു ഒട്ടിനി ഇരുന്നോട്ടേ
വിടരും ചിറകുമായ് പറക്കാനെനിക്കായി-
ഗഗനം ചമയ്ക്കുന്നുണ്ടരുണന്‍ മേഘത്തോപ്പില്‍

വിശന്നാല്‍ പുഴുവായിലകാര്‍ന്നുമയങ്ങും
ഉറങ്ങുമ്പോള്‍ മുളക്കും ചിറകെന്നില്‍
പറക്കുമ്പോഴെനിക്കായൊരു
ചരിവു പൂത്തിട്ടുണ്ടാം

കുതിച്ചും പാഞ്ഞുമൊരു വഴക്കത്തില്‍
ഉയര്‍ന്നും നിലംതോടാതോടുങ്ങാന്‍ -
മനസ്സില്ലാതോടുകയാവും ചില നിമിഷം
പ്രാണനെ കാക്കാന്‍

പിന്‍തുടരും നേരം ഒരു കൈയ്യകലത്തില്‍
ഇരയെന്നറിഞ്ഞുള്ളം തുടിച്ചു നഖം നീര്‍ത്തി
ഉയരും, നിപതിചച്ചാല്‍ വാലാട്ടി
നടക്കും നിസ്സംഗനായ്‌ ,

മയിലായാടും പിന്നെ കുയിലായ്‌ പാടും
പരലായ് നീന്തിത്തുടിച്ചോഴുകും ഓളക്കയ്യില്‍
വിടരും പൂവായ് താനേ അടരും കായായ്
മരമായ്‌ ഞാനെന്നുള്ളില്‍ വനമായ് വളര്‍ന്നിടും