Tuesday 22 February 2011

പാടം, എന്‍റെ പെണ്ണ്

കാടുവെട്ടി കടമ്പുവെട്ടി -
കണ്ണുനീറ്റി മണ്ണു നീറ്റി-
കാഞ്ഞമണ്ണില്‍ നീരൊഴുക്കി
കാളപൂട്ടി ഞാറെറിഞ്ഞേ-
മനസ്സെറിഞ്ഞേന്‍ നെല്‍പ്പാടത്ത് 

കാല്‍വഴുക്കും  വരമ്പോരം
കാത്തുനിന്നോള്‍ കണ്‍കഴച്ചേ 
കാടുപൂത്ത മണംതൊട്ടൊരു-
കാറ്റുവന്നെന്‍  കൈപിടിച്ചേ
കാറ്റുതൂവിയ കവുങ്ങിന്‍  പൂ -
മാറിലണിഞ്ഞൊരു പെണ്ണുനിന്നേ-
വേര്‍പ്പുതോറ്റിയ മേനികണ്ടാല്‍   
വെയില്തിളക്കും,നെല്‍പ്പാടത്ത് 

മേലോന്‍റെ മടമ്പുപൊട്ടി -
കാറുപെയ്തേ, കുടിലുപെയ്തേ
പാടമെല്ലാം കടലായേ, അത് തേവി -
തേവിയോന്‍റെ കാല്‍ തിരുമ്മി
കൈകഴച്ചേന്‍ പെണ്ണാളിന്ന്       

കളപറിച്ചേ, ഞാറു പൂത്തേ-
ചെമ്പഴുക്കാ ചാറുതൊട്ടൊരു
ചുണ്ടു ചോന്നതു കണ്ടു-
നാണം കൊണ്ടു വാലന്‍-
കിളിചിലച്ചേന്‍ നെല്‍പ്പാടത്ത്

വയല്‍ വിളഞ്ഞേ, മനം നിറഞ്ഞേ-
വയലു കൊയ്യാന്‍ കിളിയിറങ്ങീ-       
കിളിയെയാട്ടാന്‍ അവളിറങ്ങീ 
അണിവയറില്‍  കതിരുലഞ്ഞേ-
കൊയ്തു കൊയ്തെന്‍-
കൈകഴച്ചേന്‍ നെല്‍പ്പാടത്ത്

No comments:

Post a Comment