Thursday 10 March 2011

രാവുറങ്ങുമ്പോള്‍

വ്യഥിത രാവുറങ്ങുമ്പോള്‍ എന്നിലെ മൌനം-
പൊട്ടിച്ചടവി ഉണരാറുണ്ടുള്ളിലെ കലക്കത്തില്‍
മധുര രാഗങ്ങളില്‍ കിളികള്‍ പാടാറുണ്ടവിടെ -
അരുവികള്‍ കളകളമൊഴുകുമനസ്യൂതം

ഉയരും വന്‍മരങ്ങള്‍, ധ്യാനിക്കും -
വാത്മീകങ്ങള്‍ക്കിടയില്‍ ചരിക്കുമ്പോള്‍
പാദങ്ങള്‍ ആര്‍ദ്രമാം നിലത്തെതോടുമ്പോള്‍
ഞാനെന്നെ അറിയാന്‍ തുടങ്ങുന്നു

ഒരു കരി ചിന്നംവിളിച്ചാര്‍ത്തു മദിയ്ക്കും
അതുകേട്ടു കലമ്പും അണ്ണാര്‍ക്കണ്ണന്‍
ഒരു ഞൊടിയില്‍ ഘനഗര്‍ജനത്തില്‍ -
കാടുലയും പിന്നെയുമൊട്ടിട ശാന്തം

വിരിയും മുന്‍പേ നിന്‍റെ ചിറകിന്‍ കീഴില്‍
ഹൃദയസ്പന്ദനം കേട്ടു ഒട്ടിനി ഇരുന്നോട്ടേ
വിടരും ചിറകുമായ് പറക്കാനെനിക്കായി-
ഗഗനം ചമയ്ക്കുന്നുണ്ടരുണന്‍ മേഘത്തോപ്പില്‍

വിശന്നാല്‍ പുഴുവായിലകാര്‍ന്നുമയങ്ങും
ഉറങ്ങുമ്പോള്‍ മുളക്കും ചിറകെന്നില്‍
പറക്കുമ്പോഴെനിക്കായൊരു
ചരിവു പൂത്തിട്ടുണ്ടാം

കുതിച്ചും പാഞ്ഞുമൊരു വഴക്കത്തില്‍
ഉയര്‍ന്നും നിലംതോടാതോടുങ്ങാന്‍ -
മനസ്സില്ലാതോടുകയാവും ചില നിമിഷം
പ്രാണനെ കാക്കാന്‍

പിന്‍തുടരും നേരം ഒരു കൈയ്യകലത്തില്‍
ഇരയെന്നറിഞ്ഞുള്ളം തുടിച്ചു നഖം നീര്‍ത്തി
ഉയരും, നിപതിചച്ചാല്‍ വാലാട്ടി
നടക്കും നിസ്സംഗനായ്‌ ,

മയിലായാടും പിന്നെ കുയിലായ്‌ പാടും
പരലായ് നീന്തിത്തുടിച്ചോഴുകും ഓളക്കയ്യില്‍
വിടരും പൂവായ് താനേ അടരും കായായ്
മരമായ്‌ ഞാനെന്നുള്ളില്‍ വനമായ് വളര്‍ന്നിടും

No comments:

Post a Comment