Thursday 19 January 2012

കട്ടില്‍ കാഴ്ചകള്‍


രാത്രി തുടങ്ങുന്നത്
ഈ  മുറിക്കുള്ളില്‍ നിന്നാണ്
ജനാലവിരികളെ
വകഞ്ഞു  ഇരുട്ട്
തൊടിയിലൂടെ
ചെടികള്‍ക്കിടയിലെ
ചീവീടുകളെ ഉണര്‍ത്തിക്കൊണ്ട്
ഒഴുകിപ്പരക്കും.

പാഞ്ഞെത്തുന്നൊരു
തീവണ്ടിയോച്ച ചെകിടിനുള്ളില്‍
പിടച്ചു പിടച്ചു മരിക്കും

ആകാശം തുടങ്ങുന്നത്
വരാന്തയിലെ കയറ്റുകട്ടിലില്‍
അപ്പന്‍റെ  നരച്ച തലമുതലാണ്
നറുനിലാവൊഴുകി പരക്കുമ്പോള്‍
തൊടിയിലെ കാക്കപ്പോന്നൊക്കെ-
" കൂന്താലി എവിടേന്നു  ? "
പിറുപിറുക്കും .

ശവപ്പറമ്പില്‍
നട്ട കുരിശുകളൊക്കെ
ഗോപുരത്തിലെ
കുരിശിനെ നോക്കി
അസൂയപ്പെടും

പുകക്കരി  മറച്ച
തിമിര കാഴ്ചകളില്‍
മാതാവ്‌
അമ്മച്ചി കരയുകയാണോ
എന്നു സംശയിക്കും

ചുമ്മാതൊരു കാറ്റുവന്നു
മണ്ണെണ്ണക്കു -
തീവിലെയെന്നെന്‍റെ
വിളക്കുകെടുത്തും

ഇരുട്ടിന്‍റെ വെളിച്ചത്തില്‍
കുന്നുകയറി
പള്ളിക്കൂടമെന്‍റെ
കട്ടിലിലേക്ക് വരും ...

No comments:

Post a Comment