Sunday 22 January 2012

മരിച്ചു പോയ കിളിയുടെ തൂവല്‍

രാത്രി ..
റോഡൊരു കറുത്ത പാമ്പിനെ പോലെ
ചുറ്റിയും വളഞ്ഞും വെളിച്ചങ്ങള്‍ക്കിടയില്‍
വായും തലയുമില്ലാതൊരു കറുത്ത പാമ്പ്

ഇന്ന് ഏണിയും പാമ്പും കളിയാണ്‌
കോണിപ്പടിയിറങ്ങി 

ചത്ത പ്രാവിനെ -
ഉറുമ്പുകള്‍ അരിച്ചു തീര്‍ക്കുന്നു
കൊഴിയുന്ന  തൂവലുകള്‍
കാറ്റു കൊണ്ടുപോകുന്നു

ആദ്യത്തെ കട്ട കറങ്ങി  വീണു
ഓട്ടോ കയ്യാട്ടി വിളിക്കുന്നു

പാമ്പിന്‍റെ തോലിപ്പുറത്തൂടി 
പാഞ്ഞു പോകുമ്പോള്‍
പണ്ട്;  പണ്ടുകളെക്കാള്‍ പണ്ടുനിന്നൊരു
പെണ്‍സ്വരം കാതിലേക്ക് ..
"മരിച്ചു പോണ കിളികളുടെ
തൂവലുകള്‍ ആരാണെടുക്കുന്നത്?"

തൂവലിനെക്കാള്‍ നനുത്തൊരു പ്രണയം
മിഴികളില്‍ നോക്കി പറയും
"കിളികള്‍  മരിക്കാറില്ലാലോ!!"

ആകാശനീലയുള്ളോരു പൊന്‍മാന്‍ തൂവല്‍
ഹൃദയത്തിലേക്ക് ചേര്‍ത്തൊരു ചോദ്യം
"പിന്നെയീ തൂവലോ?"

"അതോ അവര്‍ ഭൂമിയിലെക്കൊരു
തൂവല്‍ പൊഴിച്ച്  സ്വര്‍ഗത്തിലേക്ക്
പറന്നു പോകും, അതിലൊന്ന് "

അവള്‍  പോകുമ്പോള്‍ കൊഴിച്ച 
തൂവലാണ് ഞാന്‍
ഭാരമില്ലാതെ  പറന്നു പറന്നു
എങ്ങുമെത്താതെ     

പാമ്പിന്‍റെ വാലുതീരുന്നത്   
കോണിച്ചുവട്ടിലാണ്
കുടുസ്സു കോണിപ്പടി
കയറിക്കയറി മുകളിലെത്തുമുന്പൊരു
കാക്കച്ചുണ്ട് കൊത്തിക്കൊണ്ടുപറന്നു
ഏറ്റവും മുകളില്‍ നിന്നും താഴെക്കിടുന്നു

ഭാരമില്ലാതൊരു  തൂവല്‍
ചാഞ്ഞും ചരിഞ്ഞും 
താഴെ
ചത്ത പ്രാവിന്‍റെ ജഡം
ഉറുമ്പുകള്‍ അരിച്ചിട്ടും തീരാതെ

രാത്രി ഇനിയും ബാക്കിയാണ്
ഒരു നനഞ്ഞ തൂവലും

No comments:

Post a Comment