Sunday, 19 December 2010

കാത്തിരിക്കുന്നവരോട്

ഒരു ജനതക്കുമുകളില്‍ രാസായുധം വിതച്ചു
വിളവിന് കാത്തിരിക്കുന്നവരോട്
പുഴുകുത്തിപ്പോകുന്ന ജന്മങ്ങള്‍ക്കായി നിങ്ങള്‍
ഒരു ഗില്ലറ്റിന്‍ യെന്ത്രം സബ്സിഡി നിരക്കില്‍ നല്‍കുക
ഉടലിനും ശിരസ്സിനുമിടയില്‍ ഒരു ഗില്ലറ്റിന്‍ ബ്ലേഡ്
കാത്തിരിക്കല്‍ ഒരു നിമിഷത്തിന്റെതാണ്
വേദനയില്ലാത്തൊരു മരണം വാഗ്ദാനം ചെയ്യുക
അരിച്ചുതീര്‍ക്കാന്‍ ഉറുമ്പും ചിതലുമില്ലാതെ
ഉണങ്ങിപ്പോകുന്ന ശവങ്ങള്‍ക്ക്‌ കാവലിരിക്കുന്നവരോട്
നിങ്ങളവ കുത്തിപ്പോടിച്ചു വില്‍ക്കാന്‍ വയ്ക്കുക
വാങ്ങാന്‍ സര്‍ക്കാര്‍ ആളയയ്ക്കും
ഫിനിഷിംഗ് പോയിന്റിലേക്ക് പായുന്നൊരു ഇന്ത്യക്കാരിക്ക്‌
വേണ്ടി കൈ കൊട്ടുന്നൊരു എന്ടോസഫന്‍ ഇരയോട്‌
കൈവേദനിക്കുന്നു എന്നുപറയരുത്
നിന്‍റെ ദേശീയതയ്ക്ക് അര്‍ത്ഥമില്ല
തൂങ്ങിമരിക്കാന്‍ മരക്കൊമ്പില്ലെന്നു വിലപിക്കരുത്
പുതിയ മൊബൈല്‍ ടവറുകള്‍ അനുവദിക്കുന്നുണ്ട്

No comments:

Post a Comment